Wednesday, March 21, 2007

ആദിപാപം

ഉലകമാകുന്ന കടത്തിണ്ണ. കളിയാക്കിയും ചിരിച്ചും കരഞ്ഞും പാട്ടു പാടിയും ഒരു വഴിപോക്കന്‍ ജീവിതം തള്ളിനീക്കുന്നു. ട്രിവാന്‍ട്രത്തില്‍, പൂനെയില്‍ ,മഞ്ജേരിയില്‍ ബാന്‍ഗലൂരില്‍ ഒടുവില്‍ അമേരിയ്ക്കയിലും എന്നു വേണ്ട ഏതു ദുനിയാവിലായാലും കടത്തിണ്ണ മാത്രം കോണ്‍സ്റ്റന്റ്. പതിവുപോലെ വഴിപോക്കന്‍ കടത്തിണ്ണയില്‍ നിന്നെഴുന്നേല്‍ക്കുന്നു. മലമുകളില്‍ കല്ലുരുട്ടി കയറ്റുന്നു.ഗതകാല സ്മരണകള്‍ മനസ്സില്‍ ചേക്കേറുമ്പോള്‍ പഴയ ഒരു സംഭവത്തിന്‍ടെ ഓര്‍മച്ചെപ്പ്‌ തുറക്കുന്നു.....

സ്ഥലം മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കണ്‍ തീരത്തുള്ള ദിവ്യാഗറിലെ ഒരു റൂം. എട്ടു ജാന്‍ഗോ പയ്യന്മാര്‍ ഇരുന്നു വിസ്തരിക്കുന്നു. ഗ്രൂപ് ലീടര്‍ ജീറ്റി സ്പ്രൈറ്റ് കുപ്പി പകുത്തു മാറ്റുന്നു. അതില്‍ വോട്ക്ക ഒഴിക്കുന്നു. മൂടി അടച്ച് നല്ലവണ്ണം കുലുക്കുന്നു. ഏന്നിട്ട് അത് തുറന്ന് ഒരു കവിള്‍ ഇറക്കുന്നു. അടുത്തത് ഹള്ളിയുടെ ഊഴം. പിന്നെ ജെയ്യ് , കുത്തിത്തിരുപ്പ്, റെനോ, സീകേയ്, നിഷ്ക്കു ഒടുവില്‍ ഞാന്‍. സഖാവ് ലെനിന്‍ടെ അരുമ പാനീയം അകത്തു പോയ ലഹരിയില്‍ മതിമറന്ന് ഞാന്‍ പാടി

"പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ...നിന്‍ടെ മക്കളില്‍ ...... ഞാനാണ്‌ ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ..... നിന്‍ടെ മക്കളില്‍ ..... ഞാനാണനാഥന്‍"

ഈയുള്ളവന്‍ടെ എവര്‍ഗ്രീന്‍ ആരാധകന്‍ ഹള്ളി തലയാട്ടുന്നു. കള്ളു ഉള്ളിള്‍ പോയാല്‍ അദ്ദേഹം ഞാന്‍ പങ്കെടുക്കുന്ന സിനിമ സംഗീതം, പദ്യ പാരായണം, ശാസ്ത്രീയ സംഗീതം ഇത്യാദി ഇനങ്ങളിലെ സജീവ ആരാധകന്‍ ആണ്‌. തമിഴ് ആന്‍ട് കര്‍ണാഠിക് ആണെങ്കില്‍ പുള്ളിക്കാരന്‍ കൂടെ പാടും. ഏന്തായാലും ഇവിടെ റണ്ടു കൈമുട്ടും തുടയില്‍ ഊന്നി ചൂണ്ടുവിരളുകള്‍ നെറ്റിയില്‍ ഇരുത്തി അണ്ണന്‍ ആസ്വദിക്കുന്നു. കുറച്ച്‌ കവിതാ കംബ്ബവും പിന്നെ കുറചു വോട്ക്കയുടെ ഇടപെടലും നാഢിയില്‍ പിടിച്ചു എന്നു കൂട്ടിക്കൊള്ളു..

"ചിട കെട്ടി കേവലത ധ്യാനതിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്
നേരു ചികയുന്ന ഞാനാണ്‌ ഭ്രാന്തന്‍...മൂകമുരുകുന്ന ഞാനാണ്‌ മൂഢന്‍"

ജീറ്റി തൊടുപുഴ സ്ലാങ്ങില്‍ കമന്‍റ്റിറക്കി "ഈ ചെക്കന്‌ ഇത്‌ എന്നാ സൂക്കേടാ?. വെള്ളം ഉള്ളില്‍ പൊയാല്‍ പിന്നെ പാട്ടു തന്നെ". അടുത്ത കവിള്‍ മോന്തി. കുത്തിത്തിരുപ്പിന്‍ടെ മുഖത്ത്‌ അവന്‍ എഴുതിയ കവിത ഞാന്‍ പാടുന്ന പോലെ ഒരു പുച്ഛം.

"ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ മൊട്ടുകള്‍ തിരഞ്ഞു നട കൊള്‍കേ
ഓര്‍മയിലൊരൂടു വഴി വരരുചി പഴമയുടെ നേര്‍വരയിലേയ്ക്ക്‌ തിരിയുന്നു"

ദീപാവലിക്ക്‌ നെയ്ബര്‍ഹുടിലെ പടക്കസമൂഹങ്ങളെ ശ്രവിച്ച ശ്വാനന്‍ ദ ഗ്രേറ്റന്‍ടെ ചാരിതാര്‍ഥ്യവും അങ്കലാപ്പും റെനോയുടെയും സീകേയുടെയും മുഖതാവില്‍ സ്ഫുരിക്കുന്നു. പണ്ടേ രണ്ടു നമ്പൂരിശ്യന്‍മാരും കവിത എന്നു കേട്ടാല്‍ "ലേശ്യം അസഹ്യാണ്‌". കാമനെ ദഹിപ്പിച്ച ട്യൂഢ് ഭഗവാന്‍ടെ സ്റ്റൈലില്‍ ഹള്ളി രണ്ടിനേയും ഒരു നോട്ടം. ഞാന്‍ കണ്ടിപ്പാ കണ്ടിന്യൂ

"വര്‍ണ്ണങ്ങള്‍ വറ്റുമുന്‍മദവാദ വിഭ്രമ ചുഴികലിലലിഞ്ഞതും
കാര്‍മണ്ണിലുയിരിട്ടൊരാശമേല്‍ ആര്യത്വമൂര്‍ജ രേണുക്കള്‍ ചൊരിഞ്ഞതും"

വീണിടം വിദ്യയാക്കുന്ന ഒഫീഷ്യല്‍ ഫോട്ടൊഗ്രാഫര്‍ നിശ്ചല്‍ ( ജാട കൂടിയപ്പോള്‍ നിഷ്ക്കു ആക്കി നമ്മള്‍) എല്ലാ ദൃശ്യങ്ങളും ക്യാമെറക്കണ്ണുകളില്‍ പതിപ്പിക്കുന്നു. പുതിയ ഹോബി കണ്ടെത്തിയ അങ്കിള്‍ ജയ്യും ഏത്തപ്പഴം തൊലിക്കുന്ന മര്‍ക്കടന്‍ടെ ഉല്‍സാഹത്തോടെ ക്യാനന്‍ ദിജിറ്റല്‍ ക്യാമറയില്‍ കേറി നിരങ്ങുന്നു. കുറച്ച്‌ പാപ്പരാസ്സി ഫോട്ടോകളും എടുതൂന്ന്‌ വെച്ചോ.

"എല്ലാരും ഒന്നെന്ന ശാന്തിപാഠം തനിച്ചെങ്ങുമേ ചൊല്ലിത്തളര്‍ന്നും
ഉടല്‍ തേടി അലയുമാത്മാക്കളോടദ്യൈതമുരിയാടി ഞാനിരിക്കുമ്പോള്‍
ഉറവിന്‍ടെ കല്ലെരിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്ത്‌ ഭ്രാന്തന്‍
ഉറവിന്‍ടെ കല്ലെരിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്ത്‌ ഭ്രാന്തന്‍"

"തന്നെടാ നീ തന്നെ ഭ്രാന്തന്‍..." കുത്തിത്തിരുപ്പ് ബെയ്പ്പൂര്‍ സ്റ്റെലില്‍ ജീറ്റീയൊട് വ്യങ്ജിചു. അവനെ കാര്‍ക്കിച്ചു തുപ്പാതെ ഞാന്‍ പന്തിരുകുലത്തെ (വി)വര്‍ണ്ണിക്കുന്നു.

"ചാത്തനും പാണനും പാക്കനാരും പെരുന്തച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരയ്ക്കലമ്മയും
കാഴ്ച്ചയ്ക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചയ്ക്കു വേണ്ടി ഈ ഞാനും"

അന്തരീക്ഷം നാദബ്രഹ്മത്തില്‍ ആറാടുന്നു. കഠോര സ്വനങ്ങല്‍ ചുമരില്‍ത്തട്ടി പ്രതിധ്വനിച്ച്‌ ഡോള്‍ബി ടിജിറ്റല്‍ ആകുന്നു. കുത്തീത്തിരുപ്പിന്‍ടെ ചിരിയെ വകവെയ്ക്കാതെ ഹിന്ദി സിനിമയില്‍ ശശി കപൂര്‍ ബ്രദര്‍ ആണെന്ന്‌ കത്തിയ അമിതാബ് ബച്ചനെ പോലെ നിഷ്കു താളം പിടിച്ചു.ട്യുണിട്ടു.ഒരു കവിള്‍ കൂടെ ഇറക്കി എനിക്ക് ദ്യൂയറ്റ് ആയി

"ഇന്ദ്രിയം കൊണ്‍ടേ ചവയ്ക്കുന്ന താമ്പൂലമിന്നലത്തെബ്ഭ്രാതു ഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും നമ്മളൊന്നെന്നു ചൊല്ലും ചിരിക്കും"

ഗുണയിലെ "പാര്‍ത്തവിഴി"ല്‍ ഹീറോയിനെ പാത്ത കമല്‍ സാര്‍ന്‍ടെ ആ നിര്‍വൃതി ലുക്ക് ഹള്ളിയുടെ വദനത്തില്‍ വിലയാടുന്നു. ജയ് അങ്കിളും ഒടുവില്‍ കോറസ് ആയി.ക്യാമറ കമ്പത്തിനെ കവിതാ കമ്പം കടത്തി വെട്ടിയപ്പോള്‍ സോമന്‍ സര്‍ കൈപിടിക്കുമ്പോള്‍ കുളിരുകോരുന്ന ജയഭാരതി ചേച്ചിയുടെ എക്സ്പ്രഷന്‍ വെച്ച് അണ്ണന്‍ ഏറ്റു പാടി...

"ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാനൊരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരിക്കണ്ണിലും കാണ്‍മു ഞാനൊരുകോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ് കുമ്പിവീട്ടുന്ന പൂവിന്‍ടെ
ജാതി ചോദിക്കുന്നു വ്യോമ സിംഹാസനം
ജീവന്‍ടെ നീതിക്കിരക്കുന്ന പ്രാവിന്‍ടെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയൊടന്നം കൊടുക്കേണ്ട കൈകളോ
അര്‍ഥിയില്‍ വര്‍ണ്ണവും വിത്തവും തപ്പുന്നു
ഉമിനീരില്‍ എരിനീരില്‍ എല്ലാം ദഹിക്കയാണ്‌
ഊഴീയില്‍ ദാഹമേ ബാക്കി"

കളി കാര്യമാകുന്നു.ആസ്വാദകര്‍ നിശ്ശബ്ദരാകുന്നു. വോട്ക്കയുടെ പിടിയ്ക്കും കുതറി മാറിയ ധിഷണയില്‍ ചിന്ത പൂത്തു വിടരുന്നു; പടര്‍ന്നു പന്തലിക്കുന്നു. ഈ കളിക്കിടയിലും തങ്ങളെ കീഴ്പ്പെടുത്തിയ ഭ്രാന്തന്ടെ തത്വശാസ്ത്രത്തെ ഉള്ളാല്‍ നമിക്കുന്നു. നാറാണത്ത് ഭ്രാന്തന്‍ ഒരു ട്യൂഢായി മാറുന്നു. ഒരു ട്രാന്‍സ് സ്‌റ്റേറ്റില്‍ സഖാവ് നാറാണത്തിന്‍ടെ പ്രതീക്ഷ എമ്പതൈസ് ചെയ്ത് കൂട്ടത്തോടെ

"വീണ്ടുമൊരുനാള്‍ വരും എന്‍ടെ ചുടലപ്പറമ്പിനെ
തുടി തുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്‍ടെ അഴലില്‍ നിന്ന് അമരഗീതം പോലെ
ആത്മാക്കലിഴ ചെര്‍ന്ന് ഒരദ്വൈത പദ്മമുണ്ടായ്‌വരും"

കവിത അതിന്‍ടെ മൂര്‍ധന്യാവസ്തയില്‍ എത്തുന്നു. സംഘം മതിമറന്നു പാടി. ജീറ്റി, ഞാന്‍,നിഷ്ക്കു അണി (മറാഠിയിലെ ആന്‍ട്) ജയ് എല്ലാം. ഈവന്‍ കുത്തിത്തിരുപ്പ് പോലും ജോയിന്‍ മാടി. കണ്ണും കാതും മെയ്യും മറന്ന് ഇരുന്നും കൈകൊട്ടിയും എഴുന്നേറ്റു നടന്നും ചരിഞ്ഞു കിടന്നും എന്നു വേണ്‍ട ഏതൊക്കെ പോസിലായിട്ടും യുണിറ്റി ഇന്‍ ടൈവേര്‍സിറ്റി സ്ഫുരിക്കുമാറു ജാത്യാലേ ചുകന്ന സൊഷ്യിലിസ്റ്റ് നിണം തിളപ്പിച്ചു കൊണ്‍ട് ഇങ്ങനെ പാടി അവസാനിപ്പിക്കുന്നു..

"ഒക്കെ ഒരു വെറും ഭ്രാന്തന്‍ടെ സ്വപ്നം
നേരു നേരുന്ന താന്തന്‍ടെ സ്വപ്നം"

ഹള്ളി ലിറ്ററലി ഫ്ലാറ്റ്. ഗുല്‍ട്ടി-മല്ലു സങ്കര ബുജിക്ക് വോട്ക്കയുടെ കൂടെ ഭ്രാന്തന്‍ടെ "പുലഭ്യം പറച്ചില്‍" താങ്ങാവുന്നതിലും അപ്പുറത്ത്. മഹാകവി ഉള്ളൂര്‍ പറഞ്ഞതു പോലെ പിന്നീടുള്ള നിശ്ശബ്ദദയ്ക്ക് ഭാരം ശബ്‌ദത്തെക്കാളേറെ. സ്വബോധം നഷ്ടപ്പെട്ട ഭ്രാന്തന്മാരുടെ ഹര്‍ഷാരവം ആ നിശബ്ദദയെ ഭംഞ്ജിക്കന്‍ അധികം സമയം വേണ്‍ടി വന്നില്ല.........


ഓര്‍മ്മയുടെ പാറക്കഷ്ണം താഴ്വരയില്‍ ഉരുട്ടി ഈ വഴിപ്പോക്കന്‍ , ഈ ഭ്രാന്തന്‍ കൈകൊട്ടി ചിരിക്കുന്നു.
പൊട്ടിച്ചിരിക്കുന്നു......
--------------------------ശുഭം--------------------------------------------

Labels:

1 Comments:

Blogger വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ബൂലോഗത്തേക്ക് സ്വാഗതം.. നല്ല പോസ്റ്റ്. മലയാളം ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായി www.mobchannel.com and http://vidarunnamottukal.blogspot.com ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.

March 22, 2007 at 7:55 AM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home