Friday, March 30, 2007

കോപ്പിപ്പൂച്ചകള്‍ കരയാറില്ല

പ്രഭാതസൂര്യന്‍ വഴിപോക്കന്റെ കണ്ണുകളെ തഴുകുന്നു. കടത്തിണ്ണയില്‍ നിന്നെഴുന്നേറ്റ് തന്റെ റുട്ടീന്‍ ആയ പാറയുരുട്ടലിന്‌ പോകുന്നു. മലമുകളില്‍ കല്ലുരുട്ടുന്നതിനോടൊപ്പം പഴയെ ഒരു കഥാശകലം അനാവൃതമാകുന്നു.....

കടത്തിണ്ണ ഇപ്പോള്‍ ട്രിവാന്‍ട്രം സീയിറ്റിയിലെ കമ്പ്യുട്ടര്‍ സയന്‍സ് ക്ലാസ്സ്. കൊല്ലം 99. ആദ്യത്തെ സെമസ്റ്ററില്‍ ലോകത്തുള്ള എല്ലാ ഇഞ്ജീനിയറിങ്ങ് വിഷയങ്ങളും നിര്‍ബ്ബന്ദം. 4 മാസത്തില്‍ 9 സബ്ജക്റ്റ് പഠിച്ചെഴുതണം. ഏല്ലാവരും ആഹ്ളാദോന്മാദത്തിലാണ്. നേരായ മാര്‍ഗ്ഗം കൊണ്ട് സീരീസ് എക്സാംസ് രക്ഷപ്പെടൂല്ല എന്ന് എല്ലാരും ഭയന്നു. അങ്ങനെ പ്രകൃതിയുടെ ഇണ ചേരലില്‍ കാലം ഈ രസമുള്ള സംഭവത്തെ നൊന്തു പെറ്റു. കഥയില്‍ രണ്ട് നായകന്‍മാരും പിന്നെ സഹനടനായ ഞാനും ഉണ്ട്‌. ഇതിലെ സൂപര്‍സ്റ്റാര്‍സ് ഹരി-കൃഷ്ണന്‍സ് പോലെ സീയിറ്റിയിലെ ഓരോ അണുവിനും ചിരപരിചിതം. ഒന്നാമന്‍ തള്ളിയും നെക്സ്റ്റ് കെകെപിയും. ഇനിയും ഒരുപാട് കഥകളില്‍ അണ്ണന്‍മാര്‍ വരുന്നത് കൊണ്ട് ഒരു ചിന്ന ഇന്‍ട്രൊടക്ഷന്‍ ഇരിക്കട്ടെ..

തള്ളി മഹാശയന്‍ ഈ ദുനിയാവില്‍ ഞാന്‍ കണ്ടിട്ടുള്ള എറ്റവും വലിയ തത്ത്വജ്ഞാനിയും കണ്‍ഫ്യൂഷ്യസ്, മാര്‍ക്സ്, റസ്സല്‍, ബെര്‍ണാര്‍ട് ഷാ എന്നിവര്‍ക്ക് ഒരു വാഗ്ദാനവുമാകുന്നു. ഭവാന്റെ അനര്‍ഗള നിര്‍ഗളമായ പദസമുച്ചയത്തിന്റെ അതിക്ക്രമം കാരണം വീണതാണ്‌ ഈ പേര്‍. അദ്ദേഹത്തിനെക്കുറിച്ചു എഴുതുവാന്‍ ഒരു വ്യാസന്‍ ആകേണ്ടി വരും എന്നതിനാല്‍ ഞാന്‍ ഈ വിവരണം കട്ട് ഷോര്‍ട്ട് ചെയ്യുന്നു. ചുരുക്കം പറഞ്ഞാല്‍ നാവിന്റെ ബലത്തില്‍ എവിടെയും എങ്ങനെയും രക്ഷപ്പെടാന്‍ കഴിയുന്ന മഹദ്പുരുഷന്‍. ഇനി മറ്റവന്റെ കാര്യം ആകട്ടെ അതിലേറെ രസം. ക്ലാസ്സിലെ തെറി പ്രസ്ഥാനത്തിന്‍ടെ ചുക്കാന്‍ പിടിക്കുന്ന മനുഷ്യന്‍. സ്വന്തം ഇമേജിന്റെ കാര്യത്തില്‍ ബോളീവുട് നടികളെ പോലെ സ്രദ്ദാലുവായും അതു അദ്ധ്യാപകരുടെ ഇടയിലും പിടകളുടെ ഇടയിലും പോകാതെ സൂക്ഷിക്കാന്‍ പാടുപെട്ട് ഒടുവില്‍ കളഞ്ഞ് കുളിക്കുന്ന മഹാന്‍. എന്തായാലും ഈ രണ്ടു മഹാന്മാരേയും കോളേജ് തുടങ്ങിയ ഇടയില്‍ തന്നെ പരിചയപ്പെടാനുള്ള പെരുത്ത ഭാഗ്യം ഈയുള്ളവനുണ്ടായി. വോക്കേ സംഭവത്തിലേക്ക് തിരിച്ചു വരാം..

സെക്കന്റ് സീരീസ് പരീക്ഷക്കു നേരായ മാര്‍ഗ്ഗത്തില്‍ക്കൂടെ പഠിച്ചാല്‍ രക്ഷപ്പെടൂല്ല എന്ന് തള്ളിക്ക് വെളിപാടുണ്ടായി. ശ്രീ കെകെപിയുമായി നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്കു ശേഷം "ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം" എന്ന ചൊല്ലിനെ അന്വര്‍ഥമാക്കാന്‍ തീരുമാനിച്ചു അദ്ദേഹം. രണ്ട് പേരും പകുത്തു പകുത്തു പോഷന്‍സ് പഠിച്ച് പരസ്പരം "ഇരുമെയ്യാണെങ്കിലും നമ്മുടെ പേപേര്‍സ് ഒന്നല്ലെ നീ എന്റെ കോപ്പി പാര്‍ട്ട്ണര്‍ അല്ലേ" എന്ന തത്ത്വത്തില്‍ അടിയുറച്ച് നില്ക്കുന്നു..അക്കാലതു പരീക്ഷയ്‌ക്കു പഠിക്കുക എന്ന് ദുശ്ശീലമുള്ള എന്റെ കമ്പനി കിട്ടിയപ്പോള്‍ ഈ വസുധൈവ കുടുംബകം അല്പം എക്സ്റ്റെന്റ് ചെയ്ത് എന്നേക്കൂടെ ഉള്‍പ്പെടുത്താന്‍ സര്‍ തള്ളി തീരുമാനിച്ചു. എന്തായാലും എല്ലാ പരീക്ഷയ്‌ക്കും രാവിലെ ബാക്ക് ബെഞ്ചിലെ പ്രൈം ലൊക്കേഷനില്‍ നമ്മള്‍ ഇടം പിടിച്ചു. ഞാന്‍, നടുക്ക് തള്ളി പിന്നെ കെകെപി. ഓരോ പേപ്പറും എഴുതിക്കഴിഞ്ഞു തള്ളിക്ക് പാസ്സ് മാടണമെന്ന് നിര്‍ദേശം. ആരും കണ്ടാല്‍ കൊതിക്കുന്ന എന്റെ കോഴിക്കാട്ടം സ്‌റ്റയില്‍ കൈയ്യക്ഷരം ഇന്‍ഡിയാനാ ജോണ്‍സിന്റെ ചാതുര്യതോടെ തള്ളി ഡീക്കോട് ചെയ്ത് എഴുതി അവന്റെ പേപ്പര്‍ എടുത്ത് സൈടില്‍ അലങ്കരിക്കും. കെകെപി മഹേഷ് ഭട്ട് സ്‌റ്റയലില്‍ പറഞ്ഞാല്‍ "ഇന്‍സ്പയര്‍ട് ബൈ" ആയി അതെടുത്ത് സ്വന്തം വാചകത്തില്‍ പ്രയോഗിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ 3 പേപ്പര്‍ 1 ഉത്തരം.

ആദ്യത്തെ ഒന്നു രണ്ട് പരീക്ഷകള്‍ വളരെ സമര്‍ത്ഥമായി ഈ പദ്ധതിയെ നടപ്പിലാക്കിയപ്പോള്‍ തള്ളീസ് ഇന്‍ ഹൈ സ്പിരിറ്റ്. പക്ഷെ ഈ പരിപാടി തുടരാനുള്ള നമ്മുടെ പ്രതീഷയ്‌ക്കു തട ഇട്ടത് ഇഞ്ജിനിയറിങ്ങ് മെക്കാനിക്സ് പരീക്ഷയ്‌ക്കാണ്. അന്നത്തെ ഫിസിക്സ് ടിപ്പാര്‍ട്ട്മെന്റിലെ ചെറിയാന്‍ സര്‍ ആയിരുന്നു ക്ലാസ്സില്‍. പതിവു പോലെ ഞാന്‍ പേപ്പര്‍ എഴുതി പാസ്സ് ചെയ്യുന്നു ആന്റ് തള്ളി ഡീക്കോട് ചെയ്ത് കെകെപിയെ ഇന്‍സ്പയര്‍ ചെയ്യുന്നു. എതായാലും സൂക്ഷ്മദ്രുക്കായ ചെറിയാന്‍ സര്‍നു ചെറിയ ലൌട്ട് അടിചു. അങ്ങോര്‍ നമ്മുടെ ലാസ്റ്റ് ബെഞ്ജിനടുത്ത് ചുമരും ചാരി അപ്പീ ഹിപ്പി സ്‌റ്റയലില്‍ നില്‍ക്കുന്നു. ആ സമയത്ത് എന്റെ പേപര്‍ തള്ളിയുടെ പേപ്പര്‍കെട്ടിനുള്ളില്‍. റ്റെന്‍ഷന്‍ എന്റെ തലയ്‌ക്കും പിടിചു. ഇതൊന്നും അറിയാതെ വേറെ ഒരു ലോകത്തിരുന്ന കെകെപി തള്ളിയോടു "പേപ്പര്‍ വെക്കടാ പട്ടി" എന്നു പറഞ്ഞ് അലറുന്നു. പരീക്ഷ തീരുന്ന സമയം വരെ അങ്ങേര്‍ അവിടെ കുറ്റി. ഒടുവില്‍ അവസാന നിമിഷത്തില്‍ മജീഷ്യന്‍ മുതുകാടിന്റെ സാമര്‍ത്ഥ്യത്തോടെ തള്ളി എനിക്ക് പേപ്പര്‍ റികവര്‍ ചെയ്‌തു തരുന്നു. ചെറിയാന്‍ കെകെപിയോട് എന്തോ പറഞ്ഞു സ്ഥലം കാലിയാക്കുന്നു...ജഗതി സ്ലാങ്കില്‍ കെകെപി സൊല്ലി "ജസ്റ്റ് മിസ്സ്ട് ഇറ്റ്".

പിറ്റേന്ന് കാലത്ത് വീര പുരുഷനായി കെകെപി ക്ലാസ്സിലേ സുഹ്രുദ്‌വ്രിന്ദത്തൊടു കഥകള്‍ വിസ്തരിക്കുന്നു. തൊട്ടു പിന്നില്‍ സ്‌മൂച് ടിസ്റ്റന്‍സില്‍ ടിപാര്‍ട്ട്മെന്റ് തലൈവര്‍ എസ്‌ക്കെ .

"എസ്1 എസ്2 റോള്‍ നമ്പര്‍ 16 17 ആരാ? എന്റെ കൂടെ വാ"..

തള്ളിയും കെകെപിയും അറ്റെന്‍ഷന്‍. ചുരുക്കം പറഞാല്‍ ചെറിയാന്‍ ചതിച്ചു. മോഷണക്കേസിലെ പ്രതികളെ പോലെ എച് ഓ ടി യുടെ പുറകെ മിന്നി മറയുന്നു. ഇനി അവിടെ നടന്ന സംഭവങ്ങള്‍.

"ടേയ് ഞാന്‍ ഇതൊക്കെ കുറേ കണ്ടിട്ടുള്ളതാ. നീയൊക്കെ ഇന്നലെ കോപ്പി അടിച്ചില്ലേ. എന്താ അവിടെ നടന്നത്"

തള്ളി കല്‍ മാതിരി (കോളേജ് സ്ലാങ്ക് .പാറക്കഷ്‌ണം പോലെ അചഞ്ചലനായി) യെസ്‌ക്കെ യെ ഒരു പുഛഭാവത്തില്‍ നോക്കുന്നു. കെകെപി പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഹരിശ്രീ അശൊകനെ കൂട്ട് നിന്ന് പരുങ്ങുന്നു. തള്ളി തള്ളിത്തുടങ്ങി (കര്‍ത്താവും കര്‍മ്മവും ഇവിടെ അഭേദ്യമാകുന്നു)

"സര്‍ എനിക്ക് ചെറുപ്പം മുതലേ ഉള്ള ശീലമാണു. പരീക്ഷ എഴുതുമ്പോള്‍ എഴുതിക്കഴിഞ്ഞ കടലാസുകള്‍ എടുത്ത് സൈടില്‍ വെയ്‌ക്കും. അതു കണ്ടു ചെറിയാന്‍ സര്‍ എന്തോ തെറ്റിദ്ധരിച്ചതാണു"

ഇതു കേട്ടു അങ്കത്തട്ടില്‍ യെസ്‌ക്കെ ചുവടു മാറ്റി ചവുട്ടി. വയറില്‍ പൂമ്പാറ്റകള്‍ പറത്തി കളിക്കുന്ന കെകെപിയെ നോക്കി. ഒട്ടും അതിശയോക്തി ഇല്ലാതെ എക്‌സാക്‌റ്റ് ടയലോഗ് ഫയര്‍ ചെയ്‌തു

"മോനെ നമ്പര്‍ ഒന്നും വേണ്ടാ. ഇതൊക്കെ ഞാന്‍ കുറേ കണ്ടതാ. സത്യം പറഞ്ഞാല്‍ രണ്ടു പേര്‍ക്കും രക്ഷപ്പെടാം"

കെകെപി ബോള്‍ട് ഔട്ട്. മനക്കട്ടി തകര്‍ന്ന അദ്ദേഹം എടുത്തു ചാടി

"സര്‍ ഞാന്‍ കോപ്പി അടിച്ചു സര്‍. ഞാന്‍ കോപ്പി അടിച്ചു..അയ്യോ"...

അങ്ങേരുടെ കാലില്‍ വീണു കരഞ്ഞില്ലെന്നേ ഉള്ളൂ. വിജയശ്രീലാളിതനായ യെസ്‌ക്കെയുടെ വക തള്ളിയുടെ മുഖത്തു ഒരു നോട്ടം. ഒരു നിമിഷം ഗാന്ധിനഗര്‍ 2ന്റ് സ്ട്രീറ്റില്‍ നാട്ടുകാര്‍ കള്ളനായി പിടിച്ച ശ്രീനിവാസന്റെ ജാള്യത തള്ളിയ്‌ക്ക് . പിന്നെ നരസിംഹറാവുവിന്റെ വിഷാദഭാവത്തില്‍ തള്ളി ഉരുവിട്ടു

"സര്‍ ഐ രിഗ്രറ്റ് ഇറ്റ്"

അതിനു യെസ്‌ക്കെയുടെ മറുപടി രഞ്ജീ പണിക്കര്‍ സ്‌റ്റയലില്‍ ആയിരുന്നു

"അതേ ഇതുപോലെ രിഗ്രെറ്റ് ചെയ്‌തവന്മാരാണു ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ കിടക്കുന്നത്".

തള്ളി തൂങ്ങിച്ചാവാന്‍ കയര്‍ അന്വേഷിക്കുന്നു.

"ശരി എന്തായാലും രണ്ടുപേരും വീട്ടുകാരെയും ഒക്കെ വിളിച്ചിട്ട് ഇങ്ങോട്ട് വന്നിട്ട് പരീക്ഷ എഴുതിയാല്‍ മതി"

എന്തായാലും വീട്ടുകാരുടെ മുന്‍പില്‍ യെസ്‌ക്കെ രണ്ടിനേയും ഒരു കീചകവധം നടത്തി. അവന്‍മാര്‍ അതു വരെ വീട്ടുകാരുടെ മുന്‍പില്‍ ഉണ്ടാക്കി വെച്ച നല്ല ഇമേജ് കാരണം ആ സൈടില്‍ നിന്നു വലിയ കുഴപ്പമൊന്നുമുണ്ടായില്ല. ഏതായാലും ഉച്ച തൊട്ട് അണ്ണന്‍മാര്‍ ജഗത് കൂള്‍ ആയി പരീക്ഷ എഴുതാന്‍ വന്നു. എന്നെ കണ്ടിട്ട് വലിയ ത്രിപ്‌തിയില്ല. പൊതുജനാഭിപ്രായം മാനിച്ച് ആശാന്‍മാര്‍ സംഭവങ്ങളുടെ ചുരുള്‍ അഴിക്കുന്നു. ഒന്നാം പ്രതി : തള്ളി കുറ്റം : പ്രേരണ. എന്നിട്ടേ കോപ്പി അടിച്ച കെകെപി പ്രതിയാകുന്നുള്ളൂ. അതേ ലോജിക് വെച്ചു അവന്‍മാരെ കോപ്പി അടിക്കാന്‍ പ്രേരിപ്പിച്ച ഞാനാണു ശരിക്കും പ്രതി നമ്പര്‍ 1 എന്ന് തള്ളിയുടെ മതം. ചെറിയാന്റെ സിന്ധുഗംഗാ നദി തടം മുതല്‍ക്കേ ഉള്ള പൂര്‍വ്വികരെ സ്‌മരിച്ചുകൊണ്ട് തള്ളിയും കെകെപിയും പറഞ്ഞു നിര്‍ത്തി

അവസാന പരീക്ഷയ്‌ക്കു ഫിസിക്‌സ് ടിപാര്‍ട്ട്മെന്റിലെ വേറൊരു സര്‍ തള്ളിയൊടു "ആക്‌ച്യുവലി എന്താണു അവിടെ സംഭവിച്ചത്?" എന്നു ചോദിച്ചപ്പോള്‍ അണ്ണന്‍ അടൂരിന്റെ നായകന്‍മാരെപ്പോലെ സ്റ്റ്റേറ്റ് ഫേസ് ആയിരുന്നു എന്നാണു കേള്‍വി . അതേ സമയം നമ്മുടെ അപ്പുറത്തെ ക്ലാസ്സില്‍ ലോലന്‍, കൂതറ ആന്റ് ചുടുകട്ട ലെട് ടീം മണ്ണാര്‍ശാലയിലെ പാമ്പുകളെ പോലെ ഇഴ ചെര്‍ന്നു പകര്‍പ്പവകാശം രേഖപ്പെടുത്തുകയായിരുന്നു എന്നതു വിരോധാഭാസം. ഹവെവര്‍ മാര്‍ക്ക് വന്നപ്പൊള്‍ കോപ്പി അടിച്ച ക്രമത്തില്‍ മാര്‍ക്ക് അസെന്‍ടിങ്ങ് ആയി കെകെപിക്കു അനുകൂലമായി വന്നു. കാലാന്തരത്തില്‍ ആ സംഭവത്തിന്റെ ഉപ്പും പുളിയും സീയീറ്റിയിലെ ഏതോ ഒരു മലയമാരുതന്‍ അപഹരിച്ചു. എന്നാലും ഉര്‍വശീ ശാപം പോലെ വന്ന ആ കോപ്പി സംഭവത്തിന്റെ അവശിഷ്‌ട്ടങ്ങള്‍ ബാക്കി നിന്നത് നമ്മുടെ ഇടയില്‍ നാമ്പിട്ട ഗാഠമായ സൌഹൃദത്തിന്റെ രൂപത്തില്‍ ആകുന്നു.

"ദുഃഖിതരേ പീടിതരേ നിങ്ങള്‍ കൂടെ വരൂ
തള്ളികളേ കെകെപികളേ നിങ്ങല്‍ കൂടെ വരൂ
നിങ്ങള്‍ക്ക് സ്വര്‍ഗ്ഗ രാജ്യം സ്വര്‍ഗ്ഗ രാജ്യം"

പാറ വീണ്ടും താഴെ ഉരുളുന്നു. വഴിപോക്കന്‍ വീണ്ടും പൊട്ടിച്ചിരിക്കുന്നു

-------------------------------ശുഭം----------------------------------------

Labels:

2 Comments:

Blogger Sureshkumar Punjhayil said...

:) :) :)

January 5, 2009 at 1:55 PM  
Blogger Kiran said...

Kollam machu... chemistry copy adikkumbozhalle ee sambhavam nadannathu?

November 10, 2011 at 11:44 PM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home